തൊഴിലന്വേഷണം വിരല്‍ത്തുമ്പില്‍; സ്‌റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
ജോബ് പോര്‍ട്ടല്‍ | Photo: statejobportal.kerala.gov.in |
കോവിഡ്-19 അനേകം പേരുടെ ജീവനൊപ്പം അതിലേറെയാളുകളുടെ തൊഴില്‍ കവര്‍ന്നാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലുള്ളവര്‍പോലും അത് നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന ഇക്കാലത്ത് പുതിയ ജോലി കണ്ടെത്തുക പ്രയാസംതന്നെ. അവിടെയാണ് കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ പ്രസക്തി.
തൊഴിലന്വേഷകര്‍ക്ക് വിരല്‍ത്തുമ്പില്‍ ജോലി തിരയാന്‍ അവസരം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമാണ് കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ ജോബ് പോര്‍ട്ടലിലൂടെ അറിയാനാകും. സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പാണ് ഈ ഏകജാലക സംവിധാനം ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലകളില്‍ നൈപുണ്യവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും തൊഴില്‍രംഗങ്ങളില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി തുടങ്ങിയതാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (KASE)
ആണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
2018 ജൂണിലാണ് ജോബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും മറ്റ് സേവനദാതാക്കളെയും ഒരുകുടക്കീഴിലെത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഈ പോര്‍ട്ടല്‍.
രജിസ്‌ട്രേഷന്‍
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍, വ്യവസായപരിശീലന വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, എംപ്ലോയ്‌മെന്റ് സര്‍വീസ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയായി പുറത്തിറങ്ങുന്നവര്‍ക്ക് തൊഴിലന്വേഷകരുടെ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാം. സ്വയംസംരംഭകരാകാന്‍ താത്പര്യമു ള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ദാതാവായും രജിസ്റ്റര്‍ചെയ്യാം.
തൊഴിലന്വേഷകര്‍ക്ക് സ്വന്തം വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താം. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. അതുവഴിയും രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
തൊഴിലന്വേഷകര്‍ Register as Job Seeker എന്ന ലിങ്ക് വഴി രജിസ്റ്റര്‍ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. അടിസ്ഥാനതലം മുതല്‍ മാനേജ്‌മെന്റ് തലം വരെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങള്‍ ഇവിടെ കണ്ടെത്താം. തൊഴിലവസരങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ഥിക്ക് കൃത്യസമയത്ത് പോര്‍ട്ടലില്‍നിന്ന് അറിയിപ്പ് ലഭിക്കും. ഇതുവരെ 72,712 പേരാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ വഴി തൊഴില്‍ തേടിയിട്ടുള്ളത്.
തൊഴില്‍ദാതാക്കള്‍ക്ക് Register as Employer എന്ന ഓപ്ഷന്‍ വഴി രജിസ്റ്റര്‍ചെയ്യാം. രജിസ്റ്റര്‍ചെയ്ത തൊഴില്‍ദാതാക്കള്‍ തൊഴിലവസരങ്ങളുടെ വിവ രങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. യോഗ്യത, പ്രായപരിധി, ജോലിസ്ഥലം, ജോലിയുടെ സ്വഭാവം, ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട ഉത്തരവാദിത്വം, ഒഴിവുകളുടെ എണ്ണം, ശമ്പളം തുടങ്ങിയ വിവരങ്ങളാണ് നല്‍കുക. തൊഴിലന്വേഷകര്‍ക്ക് ഇവയില്‍നിന്ന് തങ്ങള്‍ക്കനുയോജ്യമായ ജോലി തിരഞ്ഞെടുക്കാനാകും. Apply for this job എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി. 218 തൊഴില്‍ദാതാക്കളാണ് നിലവില്‍ പോര്‍ട്ടലിലുള്ളത്.
തൊഴിലന്വേഷകരുടെയും തൊഴില്‍ദാതാക്കളുടെയും വിശ്വാസ്യത ഉറപ്പാക്കി മാത്രമേ പോര്‍ട്ടലില്‍ പ്രവേശനമനുവദിക്കൂ. നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് രജിസ്റ്റര്‍ചെയ്ത അക്കൗണ്ടിന് പോര്‍ട്ടലില്‍ പ്രവേശനമനുവദിക്കുന്നത്. ഉദ്യോഗാര്‍ഥി നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമല്ലെങ്കില്‍ അവസരം നഷ്ടമാകും. രജിസ്റ്റര്‍ചെയ്ത ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തുമ്പോള്‍ പോര്‍ട്ടല്‍ വഴി ജോലി ലഭിച്ച ആളുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.
മറ്റു സേവനങ്ങള്‍
- പോര്‍ട്ടലില്‍ തൊഴിലന്വേഷകരുടെയും തൊഴില്‍ദാതാക്കളുടെയും രജിസ്‌ട്രേഷനുപുറമെ ഡേറ്റ അനാലിസിസ്, ഡിജിലോക്കര്‍, ലേണിങ് മാനേജ്‌മെന്റ് സംവിധാനം, ജോബ് ബ്ലോഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് രാജ്യാന്തര പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ഡ് ഇന്‍ സേവനം ലഭ്യമാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ സ്വന്തമാക്കാം. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉള്ളവര്‍ക്ക് അതുവഴി ജോബ് പോര്‍ട്ടലിലെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം.
- കോളേജുകള്‍ക്കും പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും തങ്ങളുടെ വിദ്യാര്‍ഥികളുടെ വിവരം രജിസ്റ്റര്‍ചെയ്യാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. കമ്പ നികള്‍ക്ക് ഈ സ്ഥാപനവുമായി നേരിട്ടു ബന്ധപ്പെട്ട് നിയമനം നടത്താന്‍ ഇത് അവസരമൊരുക്കും.
- വിവിധ കമ്പനികളുടെ തൊഴില്‍മേളകളുടെ വിവരങ്ങളും തൊഴിലന്വേഷകര്‍ക്ക് ഉപയോഗപ്രദമായ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കുള്ള ലിങ്കും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2735949, 7306402567
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ ഉപയോഗത്തിലു ള്ള സ്വന്തം മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും നല്‍കുക. ഉടന്‍ തന്നെ യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കും. പോര്‍ട്ടലില്‍ സ്വന്തമായി അക്കൗണ്ട് തുറക്കാന്‍ ഇത്രയും മതി.
- അടുത്ത ഘട്ടത്തില്‍ യോഗ്യതയും പ്രവൃത്തി പരിചയവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കണം. സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സും ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സൗകര്യം പോര്‍ട്ടലിലുണ്ട്. ഡിജിലോക്കറും ആധാറും പോര്‍ട്ടലിലെ അക്കൗണ്ടി ലേക്കു ലിങ്ക് ചെയ്യാനുമാകും. ഇതിനുശേഷമാണ് പോര്‍ട്ടലിലേക്ക് പ്രവേശനം ലഭിക്കുന്നത്.
- ഓരോ കമ്പനിയും തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ഥിക്ക് ആ യോഗ്യതയുണ്ടെങ്കില്‍ ഇ-മെയില്‍ വഴിയും എസ്.എം.എസ്. വഴിയും വിവരം ലഭിക്കും. ഇത്തരത്തില്‍ സന്ദേശം കിട്ടിയാലുടന്‍ പോര്‍ട്ടലിലെ അക്കൗണ്ടിലെത്തി ജോലിക്കപേക്ഷിക്കാം. ഇന്റവ്യൂ തീയതിയും സ്ഥലവും സന്ദേശമായി ലഭിക്കും.
ലക്ഷ്യം വിദ്യാര്‍ഥികളുടെയും കമ്പനികളുടെയും പങ്കാളിത്തം
െതാഴിലന്വേഷകര്‍ക്കും തൊഴില്‍ദായകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന സമഗ്രമായ സംവിധാനമാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. കൂടുതല്‍പേരെ പോര്‍ട്ടലി ന്റെ ഭാഗമാക്കുന്നതിനും തൊഴില്‍ നല്‍കുന്നതിനുമായി വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ പോര്‍ട്ടലിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന് സംസ്ഥാന ത്തെ കോളേജുകളുമായി ബന്ധപ്പെട്ടു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളും കമ്പനികളും പോര്‍ട്ടലിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. എന്തെല്ലാം അവസരങ്ങളാണ് തൊഴില്‍മേഖലയിലുള്ളതെന്ന് വിദ്യാര്‍ഥികള്‍ക്ക് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ അറിയാന്‍ സാധിക്കും.
-എസ്. ചന്ദ്രേശഖര്‍
എം.ഡി., കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്
https://www.mathrubhumi.com/
Post a Comment